തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പുരസ്കാരം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പാര്‍ട്ടി നിലപാടിന് ഒപ്പമാണ് കുടുംബമെന്ന് വിഎസിന്റെ മകന് വിഎ അരുണ്‍കുമാര്‍. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
അരുണ്‍ കുമാര്‍ പങ്കുവച്ച കുറിപ്പ്
ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ ‘പത്മവിഭൂഷണ്‍’ അന്തരിച്ച എന്റെ പിതാവ് വി.എസ്. അച്യുതാനന്ദന് നല്കാന് തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വന്ന കത്ത് താഴെ പങ്കുവെക്കുന്നു.ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി.എസ്സിനോട് ജനങ്ങള്‍ കാണിക്കുന്ന സ്നേഹവും ബഹുമാനവും എന്നും ഞങ്ങള്‍ക്ക് വലിയ കരുത്താണ്. ഈ പുരസ്കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു.എങ്കിലും, ഇത്തരം ഔദ്യോഗിക പുരസ്കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാര്‍ട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും ഇക്കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനം.വി.എസ്സിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ജനങ്ങള്‍ അദ്ദേഹത്തിന് നല്കുന്ന സ്നേഹവായ്പുകള്‍ക്ക് നന്ദി.



