കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ‘മെഡിക്കല്‍ ഹബ്ബ്’; അടിമുടി മാറ്റത്തില്‍ കളമശ്ശേരി
കളമശ്ശേരി; മാറ്റത്തിന്റെ പാതയിലാണ് കളമശ്ശേരി നിയോജക മണ്ഡലം. അതില്‍ പ്രധാനമാണ്, കളമശ്ശേരി മെഡിക്കല്‍ കോളേജ്. സാധാരണക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്, അവര്‍ക്ക് നൂതനമായ ചികിത്സാ രീതികള്‍ ഒരുക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വം കൂടിയാണ്. അതാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലും പ്രാവര്‍ത്തികമാകുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഹബ്ബ് ആണ് ഒരുങ്ങുന്നത്. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന തരത്തിലുള്ള അത്യാധുനിക ചികിത്സാ രീതികളും ഉപകരണങ്ങളുമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഒരുക്കുന്നത്.
സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, അമിനിറ്റി സെന്റര്‍, കാന്‍സര്‍ സെന്റര്‍ തുടങ്ങിയ ബൃഹദ് പദ്ധതിയാണ് മെഡിക്കല്‍ കോളേജില്‍ തയ്യാറെടുക്കുന്നത്. 368.74 കോടി രൂപ ചിലവിട്ടാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് പൂര്‍ത്തീകരിക്കുന്നത്. കൂടാതെ നിലവിലുള്ള കാന്‍സര്‍ സെന്ററിന് 466 കോടി മുടക്കി പുത്തന്‍ മുഖമാണ് നല്‍കുന്നത്. ഒരേസമയം 100 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള വിപുലമായ സജ്ജീകരണം, അഞ്ച് അത്യാധുനിക ഓപറേഷന് തിയറ്ററുകള്‍ തുടങ്ങി റോബോട്ടിക് സര്‍ജറി വരെയാണ് കാന്‍സര്‍ സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. സെന്ററില്‍ പ്രധാന ഉപകരണങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു.
സാധാരണക്കാര്‍ക്ക് ചികിത്സ കൂടാതെ, മറ്റു കാന്‍സര്‍ സെന്ററുകളില്‍നിന്ന് വ്യത്യസ്തമായി ഗവേഷണത്തിന് വലിയ പ്രാധാന്യമാണ് സ്ഥാപനത്തില്‍ നല്‍കുന്നത്. ഗവേഷണ ആവശ്യങ്ങള്‍ക്കായി മാത്രം 10,000 ചതുരശ്രഅടി സ്ഥലമാണ് നീക്കിവെച്ചിരിക്കുന്നത്. കൂടാതെ ഗവേഷണവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ഇടവും ഒരുക്കിയുണ്ട്. മധ്യകേരളത്തിലെ രോഗികള്‍ക്ക് ഇനി വിദഗ്ധ ചികിത്സക്കായി കിലോമീറ്ററുകള്‍ താണ്ടേണ്ടി വരില്ല എന്നതാണ് മറ്റൊരു ആശ്വാസം. രോഗനിര്‍ണയം മുതല്‍ ഗവേഷണംവരെ ഒരു കുടക്കീഴില് അണിനിരക്കുന്നത് സാധാരണക്കാരില്‍ തീര്‍ക്കുന്ന ആശ്വാസം ചെറുതല്ല.. അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ കേരളം ലോകത്തിന് തന്നെ വഴികാട്ടിയാകുന്നതില് കൊച്ചി. കാന്‍സര്‍ സെന്റര്‍ വലിയൊരു പങ്ക് വഹിക്കുമെന്നതില്‍ സംശയമില്ല.
ഇതിനെല്ലാം പുറമെ, രോഗികളുമായി എത്തുന്ന കൂട്ടിരിപ്പുകാര്‍ക്കും സര്‍ക്കാര്‍ ആശ്വാസ തണല്‍ ഒരുക്കുന്നുണ്ട്. 11.34 കോടി രൂപ മുടക്കി അമിനിറ്റി സെന്റര്‍ ആണ് ഒരുക്കിയിരിക്കുന്നത്. ആറ് നിലകളിലായി 115 പേര്‍ക്ക് ഒരേ സമയമാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഹബ്ബ് എന്ന ബൃഹദ്പദ്ധതി ആരോഗ്യ കേരളത്തിന്റെ പുത്തന്‍ നാഴികകല്ലായി മാറുമെന്നതില്‍ സംശയമില്ല.



