അങ്കമാലിയിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന യുട്യൂബർ മരിച്ചു

അങ്കമാലി: തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാലടി ചൊവ്വര സുരഭി പിഷാരത്തിൽ സേതുമാധവന്റെയും സുഭദ്രയുടെയും മകൻ സൂരജ് പിഷാരടി (34) ആണ് മരിച്ചത്. സോഷ്യൽ മീഡിയയിൽ ക്ഷേത്രോത്സവങ്ങളുടെ വീഡിയോകൾ ചെയ്യുന്ന യുട്യൂബറാണ് സൂരജ്.

അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൂരജ് വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ബുധനാഴ്ച സൂരജിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ 11.45 – ഓടെയാണ് തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിൽ ആനയിടഞ്ഞത്. രാവിലെ ഒൻപതിന് അഞ്ച് ആനകൾ പങ്കെടുത്ത ശീവേലി ഉണ്ടായിരുന്നു. 60-ല്പരം കലാകാരൻമാർ പങ്കെടുത്ത മേജർസെറ്റ് പഞ്ചാരിമേളം നടക്കുന്നതിനിടെയാണ് ചിറയ്ക്കൽ ശബരീനാഥ് എന്ന ആന ഇടഞ്ഞോടിയത്. ആനകളുടെ മുൻഭാഗത്ത് മേളക്കാരുടെ അരികിൽ നിന്ന് മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരിക്കുകയായിരുന്നു സൂരജ്. ഇതിനിടെ ഇടിഞ്ഞോടിയ ആന സൂരജിനെ കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു. ചോരയിൽ കുളിച്ച നിലയിലായിരുന്ന സൂരജിനെ ഉടൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെത്തിച്ചു.

ആന വിരണ്ടതോടെ ഭയന്ന് മറ്റൊരു ആന കൂടി ഓടി. പെട്ടെന്ന് ആനകൾ മുന്നോട്ടുകുതിച്ചതോടെ, കൂടി നിന്നിരുന്ന ആളുകൾ ചിതറിയോടി. ഒാടുന്നതിനിടെ വീണും കൂട്ടിയിടിച്ചും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ അഞ്ചോളം പേർ മാത്രമേ നിലവിൽ ആശുപത്രിയിലുള്ളൂ. ബാക്കിയുള്ളവർ ആശുപത്രി വിട്ടു. ഓടിയ രണ്ടാനകളെയും ഉടൻതന്നെ തളച്ചിരുന്നു. ആന ഇടഞ്ഞോടിയ സംഭവത്തിൽ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. സൂരജിന്റെ സഹോദരൻ: സുജിത്ത്.

Leave a Comment