ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ. സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി
കണ്ണൂർ: ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുഹമ്മദ് അലി ഷഹ്ഷാദാണ് സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത്. 2016-ൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അന്നത്തെ ഡിവൈഎസ്പി പി.പി. സദാനന്ദനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
തലശ്ശേരിയിലെ ഫസൽ വധക്കേസിൽ ആർഎസ്എസ്-ബി ജെപി പ്രവർത്തകരെ പ്രതികളാക്കാൻ പോലീസ് നീക്കംനടത്തുന്നുവെന്നും ഡിവൈഎസ്പിമാരായ സദാനന്ദനെയും പ്രിൻസ് എബ്രഹാമിനെയും കൊണ്ട് അഴിയെണ്ണിക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതിനെതിരേ സദാനന്ദൻ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 605/17 ആയി പോലീസ് ആക്ട് 117-ഇ, 120 ഒ പ്രകാരം കേസെടുത്തു. ഈ കേസിലാണ് കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതേവിട്ടത്.



