കൊച്ചി : റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യത്തെ ട്രെയിൻ ഗതാഗതത്തിന് നേരെ അട്ടിമറിക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ. ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. റെയിൽവേ പാളങ്ങളിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോടും ഉദ്യോഗസ്ഥരോടും നിർദ്ദേശം നൽകിയിട്ടുണ്ട്.
റെയിൽവേ ട്രാക്കുകൾക്ക് സമീപം നിർമ്മാണ സാമഗ്രികളോ മറ്റ് വസ്തുക്കളോ അശ്രദ്ധമായി ഇടുന്നത് ഒഴിവാക്കണമെന്നും അവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ എല്ലാം നിരീക്ഷണം ശക്തമാക്കണം. അനിഷ്ട സംഭവങ്ങൾ തടയുന്നതിനുള്ള എല്ലാ മുൻകരുതലും സ്വീകരിക്കണം എന്നിങ്ങനെയാണ് മറ്റ് നിർദ്ദേശങ്ങൾ. ഇതിനായി പ്രത്യേക സർക്കുലർ റെയിൽവെ പുറപ്പെടുവിച്ചിട്ടുണ്ട്.



