കൊച്ചിയിൽ വൻ രാസലഹരി വേട്ട; അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചേരാനല്ലൂർ, വാഴക്കാല, കളമശ്ശേരി എന്നിവിടങ്ങളിൽ സിറ്റി പോലീസ് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ രാസലഹരിയുമായി അഞ്ചുപേർ പിടിയിൽ. 723 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. അടുത്തയിടെ കൊച്ചി സിറ്റിയിൽനടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്.

ചേരാനല്ലൂരിലെ ലോഡ്ജിൽനിന്ന് ഒരുഗ്രാമിൽ താഴെ എംഡിഎംഎയുമായി ബാങ്ക് ജീവനക്കാരനായ കോഴിക്കോട് കുന്നമംഗലം കാടമ്പാരിവീട്ടിൽ അർജുൻ വി. നാഥി (32) നെ ഡാൻസാഫ് പിടികൂടി. ഇയാളുടെ മൊഴിയേത്തുടർന്ന് വാഴക്കാലയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ 716 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഡൽഹിയിൽനിന്ന് രാസലഹരി കൊണ്ടുവന്നിരുന്ന ലഹരി മരുന്ന് കണ്ണിയിലെ പ്രധാനിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

ഇതോടൊപ്പം കളമശ്ശേരിയിൽ ഹോട്ടൽമുറിയിൽ നിന്ന് 2.20 ഗ്രാം എംഡിഎംഎയും 0.84 ഗ്രാം കഞ്ചാവുമായി എറണാകുളം വട്ടേക്കുന്നം ചമ്മാലിപ്പറമ്പ് അനസ് (34), ഈരാറ്റുപേട്ട പാടിപുരയ്ക്കൽ വീട്ടിൽ ഫെബിന (27) എന്നിവരെ പിടികൂടി. ചോദ്യംചെയ്യലിൽ ഇവർക്ക് രാസലഹരി എത്തിച്ചുനൽകിയ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ജാസിഫ് (33), ബംഗാൾ മുർഷിദാബാദ് സ്വദേശി മസൂദുൽ ബിശ്വാസ് (37) എന്നിവരെ കളമശ്ശേരി ഗ്ലാസ് ഫാക്ടറിക്ക് സമീപത്തുനിന്ന് 3.89 ഗ്രാം എംഡിഎംഎയുമായും പിടികൂടി. കൊച്ചി സിറ്റി ഡാൻസാഫ് സംഘവും ചേരാനെല്ലൂർ, കളമശ്ശേരി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Comment