മുംബയ്: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്. വിമാനാപകടത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ ഡിജിസിഎയും (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടാം തവണയും ലാൻഡിംഗ് നടത്താനുള്ള ശ്രമത്തിലാണ് വിമാനം തകർന്ന് പൊട്ടിത്തെറിച്ചത്. സാങ്കേതിക പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
അജിത് പവാറിന്റെ അന്ത്യകർമങ്ങൾ ബാരാമതിയിൽ നടക്കുമെന്ന് സഹോദരൻ ശ്രീനിവാസ് പവാർ അറിയിച്ചു. നാളെയായിരിക്കും ചടങ്ങുകൾ. നിലവിൽ ബാരാമതി മെഡിക്കൽ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. അജിത് പവാറിനൊപ്പം ഉണ്ടായിരുന്ന നാലുപേർക്കും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനുമാണ് മരിച്ചത്.



