കളമശേരി: കളമശേരി മണ്ഡലത്തിൽ 226.37 കോടി രൂപയുടെ പദ്ധതികളാണ് ബജറ്റിൽ അനുവദിച്ചതെന്ന് മന്ത്രി പി. രാജീവ്. സ്റ്റാർട്ടപ്പുകൾക്കായി ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകരങ്ങൾ ഒരുക്കുന്നതിന് വേണ്ടി ടെക്നോളജി ഇന്നവേഷൻ സോൺ സ്ഥാപിക്കും. 20 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. കളമശേരി കിൻഫ്ര ഹൈടെക് പാർക്കിലാണ് സോൺ സ്ഥാപിക്കുക. കൊച്ചി കാൻസർ സെൻ്ററിന് 30 കോടി രൂപ അനുവദിച്ചു. ഹൈടെക് പാർക്കിനെ സീപോർട്ട് – എയർപോർട്ട് റോഡുമായി ബന്ധിപ്പിക്കുന്നതിന് നാലുവരിപ്പാത നിർമിക്കും.
ഹൈടെക് പാർക്കിന്റെ അതിർത്തി മുതൽ സബ്സ്റ്റേഷൻ ജംഗ്ഷൻ വരെയുള്ള റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. 3.11 കോടി രൂപ ഇതിനായി അനുവദിച്ചു. കിൻഫ്ര ഹൈടെക് പാർക്കിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ 2.5 കോടി രൂപ അനുവദിച്ചു. കുന്നുകരയിൽ സ്ഥാപിക്കുന്ന മിനി ഫുഡ് പാർക്കിനായി 8 കോടി രൂപയും അനുവദിച്ചു. കളമശേരി ഉൾപ്പെടെയുള്ള ലോഡ് ഡെസ്പാച്ച് സ്റ്റേഷൻ ആധുനികീകരിക്കുന്നതിന് 12 കോടിയാണ് അനുവദിച്ചിരിക്കുന്നത്.
സീ പോർട്ട്- എയർപോർട്ട് റോഡ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന വിവിധ ഭാഗങ്ങൾ പൂർത്തീകരിക്കുന്നതിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ഇന്ത്യാ ഇന്നവേഷൻ സെൻ്റർ ഫോർ ഗ്രാഫീൻ സ്ഥാപിക്കുന്നതിന് 6.5 കോടി രൂപ കൂടി അധികമായി അനുവദിച്ചു. ഗ്രഫീൻ മേഖലയിൽ ഗവേഷണം, ഇന്നവേഷൻ എന്നിവക്കായി വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേന്ദ്രം സ്ഥാപിക്കുന്നതിന് 86.41 കോടി നേരത്തെ അനുവദിച്ചിരുന്നു. കൊച്ചി സർവ്വകലാശാലക്ക് 33.25 കോടി രൂപയും അനുവദിച്ചു. കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനായി 1.5 കോടി രൂപ അനുവദിച്ചതായും മന്ത്രി പി. രാജീവ് പറഞ്ഞു.



