‘അമരൻ’ സംവിധായകന്റെ പുതിയ ചിത്രത്തിൽ ധനുഷിനൊപ്പം മമ്മൂട്ടിയും

ധനുഷിനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും. ചിത്രത്തിൽ വളരെ നിർണായകമായ കഥാപാത്രത്തിനാകും അദ്ദേഹം ജീവൻ നൽകുക. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്.

ധനുഷ്, മമ്മൂട്ടി എന്നിവർക്കൊപ്പം വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും. മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്-സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 13 വർഷത്തിന് ശേഷം മമ്മൂട്ടിയും ധനുഷും ഒന്നിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. 2013-ൽ മലയാളത്തിൽ പുറത്തു വന്ന മമ്മൂട്ടി-ദിലീപ് ചിത്രം ‘കമ്മത്ത് ആൻഡ് കമ്മത്തി’ൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു.

Leave a Comment