‘വ്യക്തിഹത്യ, ഭീഷണി; നേതൃത്വം നൽകുന്നത് ഫെന്നി നൈനാൻ’; പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി അതിജീവിത

തിരുവനന്തപുരം : ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെന്നി നൈനാനും രാഹുൽ അനുകൂലികളായ സൈബർ സംഘങ്ങൾക്കും എതിരെ പരാതികളുമായി മൂന്നാമത്തെ കേസിലെ അതിജീവിത. പ്രിയങ്ക ഗാന്ധി, ദീപാ ദാസ് മുൻഷി, അൽക്ക ലാംബ, ജെബി മേത്തര്‍ എന്നിവർക്ക് ഇമെയിൽ വഴി പരാതി അയച്ചു. കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കെ, ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവർ വ്യക്തിഹത്യ ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണെന്നു പരാതിയിൽ അതിജീവിത ആരോപിച്ചു. സൈബർ സെല്ലിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും അതിജീവിത പരാതി കൈമാറിയിട്ടുണ്ട്.

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. ഇത് ഇരകളെ മാനസികമായി തകർക്കാനും കേസിനെ അട്ടിമറിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണെന്നാണ് പരാതിക്കാരി പറയുന്നത്. കോൺഗ്രസ് നേതൃത്വം രാഹുലിനെതിരെ പ്രതീകാത്മക നടപടി മാത്രമാണ് സ്വീകരിച്ചത്. ഇപ്പോഴും പാർട്ടി അനുഭാവികളായ സമൂഹമാധ്യമ ഹാൻഡിലുകൾ വഴി പ്രതിക്ക് അനുകൂലമായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. വ്യാജ വോട്ടർ ഐഡി കേസിൽ പ്രതിയായ ഫെന്നി നൈനാൻ, അതിജീവിതമാരെ മോശക്കാരായി ചിത്രീകരിക്കാനും അവരെ നിശബ്‍ദരാക്കാനും നേതൃത്വം നൽകുന്നുവെന്നും പരാതിയിൽ പറയുന്നു.

കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറിയും തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്ത ഫെന്നിയുടെ പ്രവർത്തനങ്ങൾ രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന തെറ്റായ സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്. ഇതിലൂടെ വരാനിരിക്കുന്ന തലമുറയുടെ പോലും സുരക്ഷിതത്വം ഇല്ലാതാകുകയാണ്. അതിജീവിതമാരുടെ വ്യക്തിത്വം വെളിപ്പെടുത്തിയവർക്കെതിരെ നിയമനടപടി വേണം, കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങൾ ഏകപക്ഷീയമായി ചർച്ച ചെയ്യുന്നതിൽ നിന്ന് പ്രതികളെയും അവരുടെ സംഘത്തെയും തടയണം, നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ അധികാരികൾ ഇടപെടണം എന്നീ ആവശ്യങ്ങളും പരാതിക്കാരി ഉന്നയിച്ചു.

Leave a Comment