കൊട്ടാരക്കര: ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ പ്രധാനാധ്യാപികയെ സ്കൂളിൽ പ്രവേശിക്കുന്നതു തടഞ്ഞ സംഭവത്തിൽ പ്രതിഷേധങ്ങൾ ഒടുങ്ങുന്നില്ല. പ്രധാനാധ്യാപിക സിന്ധുവിനെ തടഞ്ഞ സ്കൂൾ കാവൽക്കാരനെ മാനേജ്മെന്റ് പുറത്താക്കി. നെടുവത്തൂർ ഇ.വി.എച്ച്.എസിലെ പ്രഥമാധ്യാപിക സിന്ധുവിനു മുന്നിൽ സ്കൂൾ ഗേറ്റടയ്ക്കുകയും പ്രധാനാധ്യാപികയെന്ന പരിഗണന നൽകാതെ അവഹേളിക്കുകയും ചെയ്ത സുരക്ഷാ ജീവനക്കാരൻ ശശാങ്കനെയാണ് സ്കൂൾ മാനേജർ കെ. സുരേഷ്കുമാർ പുറത്താക്കിയത്.
ചുരിദാർ ധരിച്ചെത്തുന്നതിന്റെ പേരിൽ ആരെയും തടയാൻ നിർദേശിച്ചിരുന്നില്ലെന്നും കാവൽക്കാരൻ കാട്ടിയ അമിതാവേശം സ്കൂളിനെ അപകീർത്തിപ്പെടുത്തുന്നതും വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നതുമാണെന്ന് മാനേജർ പറയുന്നു. അധ്യാപികയെ തടഞ്ഞ സംഭവത്തിൽ സ്കൂൾ മാനേജർക്ക് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കാരണംകാണിക്കൽ നോട്ടീസ് നൽകി. ഡി.ഇ.ഒ. നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നോട്ടീസ് നൽകിയത്. കെ.ഇ.ആറിനു വിരുദ്ധമായി അക്കാദമിക കാര്യങ്ങളിൽ ഇടപെട്ടതിനും അധ്യാപികയെ തടഞ്ഞ സംഭവത്തിലും മൂന്നുദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയതെന്ന് ഡി.ഡി.ഇ. കെ.ഐ. ലാൽ പറഞ്ഞു



