കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കെ.പി.സി.സി. മുൻ അധ്യക്ഷൻ കെ. സുധാകരൻ.
‘പാർട്ടി മത്സരിക്കണമെന്ന് പറയുമെന്നാണ് പ്രതീക്ഷ. രണ്ട് മൂന്ന് ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും’ -കോഴിക്കോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു.
സ്വർണക്കൊള്ളയ്ക്കു പിന്നിൽ സി.പി.എം.തന്നെയെന്നത് വ്യക്തമാണെന്ന് കെ. സുധാകരൻ പറഞ്ഞു. ‘അറസ്റ്റിലായവരിൽ പ്രധാനികൾ സി.പി.എം. നേതാക്കൾതന്നെയാണ്. ആദ്യം അറസ്റ്റിലായ രണ്ടുപേർ സി.പി.എമ്മിന്റെ മുഖ്യനേതാക്കളായതിനാൽ കൃത്യമായ അന്വേഷണം നടന്നില്ല. കള്ളൻമാർക്കും കൊള്ളക്കാർക്കും സി.പി.എം. കൂട്ടുനിൽക്കുന്നു. കേസിൽ ജാമ്യം കിട്ടി പുറത്തുവരുന്നവരൊക്കെ സി.പി.എമ്മുമായി ബന്ധമുള്ളവരാണ്’ -സുധാകരൻ ആരോപിച്ചു.



