തിരുവനന്തപുരം: കാറിടിച്ച് ബെെക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ. നടനെ ജനറൽ ആശുപത്രിയിൽ എത്തിച്ച് വെെദ്യപരിശോധന നടത്തി. മ്യൂസിയെ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഗുരുതരമായ മൂന്ന് വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിട്ടുണ്ട്. മനുഷ്യജീവന് അപകടമുണ്ടാകുന്ന തരത്തിൽ വാഹനമോടിച്ചു, പരിക്കേറ്റവർക്ക് പ്രഥമശ്രുശ്രൂഷ നൽകാൻ തയ്യാറായില്ല, യഥാസമയം അപകടവിവരം പൊലീസിനെ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിലുള്ളത്.
അപകടശേഷം നടൻ കാർ നിർത്താതെ പോയിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ ട്രിവാൻഡ്രം ക്ളബിന് മുന്നിലാണ് അപകടമുണ്ടായത്. തുടർന്ന് രാത്രിതന്നെ മണിയൻ പിള്ളയുടെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിയിരിക്കുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. നിവേദ് കൃഷ്ണ, സൂരജ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
അതേസമയം, ഭയം കാരണമാണ് കാർ നിർത്താതെ പോയതെന്ന് മണിയൻപിള്ള രാജു ഒരു മാധ്യമത്തോട് പറഞ്ഞു.’ഒരു പരിപാടി കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്. താൻ മദ്യപിച്ചിരുന്നില്ല. സുബ്രഹ്മണ്യം ഹാളിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങവേയായിരുന്നു അപകടം. വണ്ടിയൊന്നുമില്ലായെന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് റോഡിലേക്കിറങ്ങിയത്. റോഡ് ക്രോസ് ചെയ്ത് വളവിന് സമീപമെത്തിയപ്പോൾ വളരെവേഗത്തിൽ ബൈക്കുവന്ന് കാറിലിടിക്കുകയായിരുന്നു. രണ്ടുപേരും റോഡിലേക്ക് വീണു. ഭയം കൊണ്ടാണ് നിർത്താത്തത്. രാവിലെതന്നെ പൊലീസ് സ്റ്റേഷനിൽ പോയി വിവരം പറയും. കാറിൽ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. കാർ ജവഹർ നഗറിലുണ്ട്’- എന്നായിരുന്നു നടന്റെ പ്രതികരണം.



