കൊച്ചി: കളമശ്ശേരി എച്ച്എംടി കമ്പനിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സൂരജ് ലാമയ്ക്ക് കേരളത്തിന്റെ മണ്ണില്‍ അന്ത്യവിശ്രമം. ബന്ധുക്കള്‍ ഏറ്റുവാങ്ങിയ സൂരജ് ലാമയുടെ മൃതദേഹം കളമശ്ശേരിയിലെ പൊതുശ്മശാനത്തില്‍ സംസ്കരിക്കും. സൂരജ് ലാമയുടെ മകന് സാന്റന്‍ ലാമയാണ് മരണാനന്തര ചടങ്ങുകള്‍ ചെയ്തത്. ഭാര്യയും അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകണമെന്ന് കുടുംബത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീര്‍ണിച്ച അവസ്ഥയിലായിരുന്നതിനാല്‍ വേണ്ടെന്നുവെയ്ക്കുകയായിരുന്നു.
സൂരജ് ലാമയുടെ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം ഭാര്യ റിനി ലാമ വൈകാരികമായാണ് പെരുമാറിയത്. സൂരജ് ലാമയുടേത് കേവലം മരണമല്ലെന്നും കൊലപാതകമാണെന്നും റിനി ലാമ പറഞ്ഞു. ആശുപത്രിക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു റിനി ലാമ ഉന്നയിച്ചത്. ആശുപത്രി അധികൃതര്‍ റിനി കൃത്യമായി പരിചരിച്ചില്ലെന്ന് റിനി ലാമ പറഞ്ഞു. അവര്‍ ആവശ്യമായ സഹായം നല്കിയിരുന്നെങ്കില് സൂരജ് ലാമ ജീവനോടെ ഉണ്ടാകുമായിരുന്നു. ആശുപത്രിക്കെതിരെ പരാതി നല്‍കും. എല്ലാ സംവിധാനങ്ങള്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചു. നീതി ഉറപ്പാക്കണം. കേരളത്തിലെ മാധ്യമങ്ങള്‍ അതിന് സഹായിക്കണമെന്നും റിനി ലാമ ആവശ്യപ്പെട്ടു.ഫെബ്രുവരി ആറിനായിരുന്നു കളമശ്ശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണെന്ന കാര്യം സ്ഥിരീകരിച്ചത്. ഡിഎന്‍എ പരിശോധനാ ഫലത്തിലൂടെയായിരുന്നു സ്ഥിരീകരണം.



