ചുമയും ശ്വാസതടസ്സവും; ശരദ് പവാർ ആശുപത്രിയിൽ

പൂനെ: എൻസിപി (എസ്‌പി) അധ്യക്ഷൻ ശരദ് പവാറിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയെയും ശ്വാസതടസ്സത്തെയും തുടർന്നാണ് അദ്ദേഹത്തെ പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ ബാരാമതിയിൽ നിന്ന് സ്വകാര്യ വാഹനത്തിലാണ് പവാറിനെ ആശുപത്രിയിലെത്തിച്ചത്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

നിലവിൽ ഐസിയുവിൽ അല്ല, മറിച്ച് പ്രൈവറ്റ് റൂമിലാണ് അദ്ദേഹം കഴിയുന്നത്. കടുത്ത ശാരീരിക അധ്വാനവും സമ്മർദ്ദവുമാണ് ആരോഗ്യനില വഷളാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.കൂടുതൽ പരിശോധനാ ഫലങ്ങൾ വന്ന ശേഷം മുംബൈയിലേക്ക് മാറ്റുന്ന കാര്യം തീരുമാനിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. സഹോദര പുത്രനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാർ ജനുവരി 28-ന് വിമാനാപകടത്തിൽ മരിച്ചതിന് പിന്നാലെ ശരദ് പവാർ പൊതുപരിപാടികളിലും അനുശോചന യോഗങ്ങളിലും പങ്കെടുത്തിരുന്നു.ഇതാകാം ശാരീരിക തളർച്ചയ്ക്ക് കാരണമായതെന്ന് കരുതപ്പെടുന്നു. പവാറിന്റെ മകൾ സുപ്രിയ സുലെ, കൊച്ചുമകൻ രോഹിത് പവാർ തുടങ്ങിയവർ ആശുപത്രിയിലുണ്ട്.

Leave a Comment