കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ യുവതിയെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽകണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ആദൂർ സ്വദേശി ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ.രേഷ്മയാണ് (24) മരിച്ചത്. ഇന്നലെ ഉച്ചയോടെ വാടക ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. ചിന്നുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തതിനുശേഷമായിരിക്കും തുടരന്വേഷണമെന്നും പൊലീസ് വ്യക്തമാക്കി.ചിന്നു കാസർകോട് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. തുടർച്ചയായി ഫോൺ വിളിച്ചിട്ടും എടുക്കാതായതോടെ ആൺസുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഇയാൾ സുഹൃത്തിനൊപ്പം ചിന്നുവിന്റെ വീട്ടിലെത്തിയത്. യുവതി തൂങ്ങിനിൽക്കുന്നതുകണ്ട് ഇയാൾ ബഹളംവച്ചതുകേട്ട് നാട്ടുകാരെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവുമായി ഏറെക്കാലമായി അകന്നുകഴിയുകയായിരുന്നു യുവതി. അടുത്തിടെയായി ആൺസുഹൃത്തും ഒപ്പം താമസിക്കുന്നുണ്ടായിരുന്നു.ഇയാളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.ആദൂരിലെ ഗംഗാധരൻ- ശൈലജ ദമ്പതികളുടെ മകളാണ് ചിന്നു. നാലു വയസുള്ള മകനുണ്ട്.വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണ്.



