കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. ദീപക്കിന്റെ ഫോണ്‍ ,ലാപ്ടോപ്പ് എന്നിവയുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
ദീപക്കിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ലാപ്ടോപും മൊബൈല്‍ ഫോണും പരിശോധനയ്ക്കായി പൊലീസ് കൊണ്ടുപോയിരുന്നു. ഇതിന്റെ പരിശോധനാഫലം പുറത്തുവരാതെ ഷിംജിതയ്ക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു കുടുംബത്തിന്റെ അഭിഭാഷകന്റെ വാദം. കൂടാതെ, ഷിംജിത ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തെന്നും വാദിച്ചു. പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം തെളിഞ്ഞതിന് ശേഷം മാത്രമേ ജാമ്യം നല്കാന് പാടുള്ളൂവെന്നും അല്ലാത്തപക്ഷം തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.



