രണ്ടര വയസുകാരിയുടെ മരണം ന്യൂമോണിയ ബാധിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: ശ്വാസംമുട്ടലിനെത്തുടർന്ന് രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ന്യൂമോണിയ ബാധമൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിശദമായ റിപ്പോ‌ർട്ട് പുറത്തുവന്നാലെ മരണകാരണം സ്ഥിരീകരിക്കാനാവുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകൾ രണ്ടരവയസുകാരി ഐഷ ഫാത്തിമയാണ് മരിച്ചത്. കുത്തിവയ്പ്പ് എടുത്തതിനെത്തുടർന്നാണ് കുട്ടിയുടെ നില വഷളായതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് കുഞ്ഞ് ചികിത്സ തേടിയ കാട്ടാക്കടയിലെ മമൽ ആശുപത്രിയിലെ ഡോക്ടർ അരുൺ വാര്യർ വ്യക്തമാക്കിയത്.

ഇരട്ടകുഞ്ഞുങ്ങളിൽ ഒരാളാണ് ആയിഷ. ശ്വാസംമുട്ടലും തളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശ്വാസതടസത്തിന് ആവി പിടിച്ച ശേഷം കുട്ടിക്ക് രണ്ട് കുത്തിവയ്പ്പ് എടുത്തു. ഇതിന് പിന്നാലെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ഉടനെതന്നെ കുട്ടിയെ ആംബുലൻസിൽ നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

Leave a Comment