ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന് ;ഭക്തിസാന്ദ്രമായി തലസ്ഥാനം

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനായി ഒരുങ്ങിയിരിക്കുകയാണ് തലസ്ഥാന നഗരി. വ്രതശുദ്ധിയോടെ മനസിനും ശരീരത്തിനും ശുദ്ധിവരുത്തി അനേകായിരങ്ങളാണ് തലസ്ഥാനത്തേയ്ക്ക് ഒഴുകിയെത്തുന്നത്. റോഡുകൾക്കിരുവശത്തുമായി അടുപ്പുകൾ കൂട്ടി തയ്യാറെടുപ്പുകൾ ആംഭിച്ചിരിക്കുകയാണ് ഭക്തർ.

നഗരത്തിലെ വീടുകളും അമ്പലങ്ങളുംമുതൽ പള്ളികൾവരെ ഭക്തരെ വരവേറ്റ് കവാടങ്ങൾ തുറന്നു. പൊങ്കാലയിടുന്നവരുടെ സൗകര്യത്തിനായി പാളയം സി.എസ്.ഐ. ക്രൈസ്റ്റ് പള്ളിയും സെയ്ന്റ് ജോസഫ് കത്തീഡ്രൽ പള്ളിയും ആരാധനാസമയത്തിൽ മാറ്റംവരുത്തി. പാളയം ജുമാ മസ്ജിദ് കമ്യൂണിറ്റി ഹാളും പരിസരവും പൊങ്കാലയിടാൻ എത്തുന്നവർക്ക് തുറന്നുനൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റെസിഡെൻസ് അസോസിയേഷനുകളും തൊഴിലാളിസംഘടനകളും ഭക്ഷണവും ജലവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കാൻ സജീവമായി രംഗത്തുണ്ട്. കവലകളെല്ലാം ഉത്സവദിനംമുതൽതന്നെ ഭക്തിയുടെയും കൂട്ടായ്മയുടെയും നിറവും വെളിച്ചവും സംഗീതവുമൊരുക്കിയിരുന്നു.

രാവിലെ ഒൻപതോടെ പൊങ്കാലയുടെ ആർപ്പുവിളി ഉയരും. നഗരത്തിന്റെ കാണാവുന്ന കോണിലെല്ലാം ഇഷ്ടികയും മൺകലങ്ങളും നിറഞ്ഞിട്ടുണ്ട്. തമ്പാനൂർ, ബേക്കറി, വഞ്ചിയൂർ, ജഗതി, സ്റ്റാച്യു, സെൻട്രൽ സ്റ്റേഡിയത്തിന് പുറകിൽ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭക്തർ ഇടംപിടിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ട്രെയിനിലും സ്വകാര്യവാഹനങ്ങളിലും കെ.എസ്.ആർ.ടി.സി. ബസിലുമായി എത്തിയ കുടുംബങ്ങൾ നിരവധിയാണ്.ചൊവ്വാഴ്ച പുലർച്ചയ്ക്കാണ് സമീപ ജില്ലകളിലും തിരുവനന്തപുരത്തിന്റെ ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരും എത്തിയത്.രാവിലെ ഒമ്പതുമണിയോടെ ശുദ്ധപുണ്യാഹത്തോടെ ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകൾ തുടങ്ങും. ആറ്റുകാൽ പൊങ്കാല നിവേദ്യസമയത്ത് ഇത്തവണയും ആകാശത്തുനിന്ന് വിമാനത്തിൽ പുഷ്പവൃഷ്ടിയുണ്ടാകും.

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് നഗരം ശുചിയാക്കാൻ കോർപ്പറേഷൻ രംഗത്തിറക്കുന്നത് 3500 തൊഴിലാളികളെ. കൂടാതെ സേവാഭാരതി അടക്കമുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തകർ, കോളേജ് വിദ്യാർഥികൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളാകും. തുടർന്ന് കൃത്രിമമഴ പെയ്യിച്ചുള്ള ശുചീകരണവും നടക്കും. പൊങ്കാല നിവേദിച്ച് ഉച്ചയ്ക്ക് രണ്ടരയോടെതന്നെ ശുചീകരണപ്രവർത്തനം തുടങ്ങും.സുരക്ഷ ഉറപ്പാക്കാനായി 4000 പോലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. പ്രധാന സ്ഥലങ്ങളെ നാല് സോണുകളായും 13 ഡിവിഷനുകളായും 29 സെക്ടറുകളായും തിരിച്ചാണ് നിയന്ത്രണം. എല്ലാ സോണുകളുടെയും ഏകോപനം കൺട്രോൾ റൂം വഴി നടത്തും.

Leave a Comment