നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കമുള്ള പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് നോട്ടീസ് അയച്ചു. നെടുമ്പാശ്ശേരി എസ്എച്ച്ഒ വഴിയാണ് വിചാരണക്കോടതി വെറുതെ വിട്ട പ്രതികൾക്ക് നോട്ടീസ് അയച്ചത്.

ദിലീപ് ഉൾപ്പെടെയുള്ള നാല് പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. വിചാരണക്കോടതിയുടെ വീഴ്ച്ചകൾ ചൂണ്ടിക്കാണിച്ച് 300 പേജുള്ള അപ്പീലാണ് സമർപ്പിച്ചത്. വസ്തുതകളും നിയമപരമായ വശങ്ങളും പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നും അപ്പീലിൽ പറയുന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും അപ്പീലിലുണ്ട്. എട്ടാം പ്രതിയായിരുന്ന ദിലീപ്, ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി മേസ്തിരി സനിൽ, പതിനഞ്ചാം പ്രതി ശരത് എന്നിവരെയാണ് ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി വെറുതെ വിട്ടത്.

പൾസർ സുനിയടക്കം ഒന്ന് മുതൽ ആറ് വരേയുള്ള പ്രതികൾക്ക് വിചാരണക്കോടതി 20 വർഷം കഠിനതടവാണ് വിധിച്ചത്. 2017 ഫെബ്രുവരി 17ന് തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്.

Leave a Comment