‘അദ്ദേഹത്തിന് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമാണ് ;ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

ആലപ്പുഴ: ഗണേഷ് കുമാറിനെതിരേ നടപടി വേണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിസ്ഥാനത്തിരിക്കുമ്പോഴെങ്കിലും ഒരു നിലവാരം പുലർത്താൻ അദ്ദേഹം ബാധ്യസ്ഥനാണ്. ഇത്രയും വഷളായ, ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അദ്ദേഹത്തിന് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമാണ്. കനകസിംഹാസനത്തിൽ കയറിയിരിക്കുന്ന ഇവൻ ശുംഭനോ ശുനകനോ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റാണെന്ന് പറയാൻ സാധിക്കില്ല. കുറേക്കൂടെ മാന്യമായി പൊതുപ്രവർത്തനം നടത്തേണ്ടതിന് പകരം, മന്ത്രിസഭയിൽ ഇരുന്നുകൊണ്ട് ഇത്രയും വഷളായ പ്രവൃത്തി കാണിച്ച ഒരു മന്ത്രി വേറെ ഉണ്ടാകില്ല. മന്ത്രിയെന്നും ആരും ഇത് ചെയ്യാൻ പാടില്ലാത്തതാണ്, വെള്ളാപ്പള്ളി പറഞ്ഞു.

ഭാര്യ പരാതി പിൻവലിച്ചു എന്നതുകൊണ്ട് കാര്യമായില്ല. സമൂഹത്തിൽ പൊതുപ്രവർത്തകൻ എന്ന നിലയിൽ കാണിക്കേണ്ട മാന്യതയും മര്യാദയും അദ്ദേഹം കാട്ടിയില്ല. ഭംഗിയായി ഭരണം നടത്തിക്കൊണ്ടിരിക്കുന്ന മന്ത്രിസഭയുടെ പുഴുക്കുത്താണ് ഗണേഷ് കുമാർ. ദാർഷ്ട്യവും മാടമ്പിത്തരവുമാണ് വാക്കിലും പ്രവൃത്തിയിലുമുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.അയ്യായിരം പേരെ പ്രണയിക്കുന്നെന്ന് തലയിൽ ആൾത്താമസം ഉള്ള ഒരാൾ പറയുമോ? അങ്ങനെ അല്ലാത്തവർ പൊട്ടൻമാരും ഷണ്ഡൻമാരുമാണെന്നാണ് പറയുന്നത്. കൂടുതലൊന്നും പറയുന്നില്ല. കേരളത്തിലെ സർക്കാരിനുണ്ടായ വലിയ അപചയമായിപ്പോയി ഈ സംഭവം.വാദി പിൻവലിച്ചു എന്നതുകൊണ്ട് കേസ് ഇല്ലാതാകുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Leave a Comment