ചെങ്ങന്നൂർ: ചെന്നിത്തല ഒരുപ്രം ജവഹർ നവോദയ വിദ്യാലയത്തിൽ പ്ലസ് വൺ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കായംകുളം കണ്ടല്ലൂർ പുതിയവിള വേലൻചിറയിൽ അഭിരാമത്തിൽ കെ.പി. ബിജുവിന്റെയും മുതുകുളം സമാജം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ബിന്ദുവിന്റെയും മകൻ അഭിഗീതാണ് (16) മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ വർഷവും ഒരു വിദ്യാർഥി കാമ്പസിനുള്ളിൽ ആത്മഹത്യ ചെയ്തിരുന്നു. അഭിഗീത് രാവിലെ ക്ലാസിലെത്തിയിരുന്നു. എന്നാൽ ഉച്ചക്കുശേഷം എത്തിയില്ല. ഹോസ്റ്റലിനോട് ചേർന്ന വാഷ് റൂം ഏരിയയുടെ പിന്നിൽ തുണി അലക്കുന്നതിനായി സൈഡിലെ ഭിത്തിയോടു ചേർന്ന് കെട്ടി ഉയർത്തിയ നനകല്ലിനു മുകളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യൂനിഫോം ധരിച്ച് ചെരുപ്പിട്ട് കാൽമുട്ടുകൾ മടക്കി ഭിത്തിയിൽ ചാരി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഷീറ്റിട്ടിരുന്ന ചാർത്തിന്റെ ഫ്രെയിമിൽ തൂങ്ങിയ തുണിയുടെ ഒരു വശത്തെ രണ്ടു മൂലകളിൽ ഒരു കോന്തല മാത്രമാണ് കെട്ടിയിരുന്നതായി വ്യക്തമായി കാണാൻ കഴിയുന്നത്. മറുവശം അഴിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. ഒരു കുട്ടിയാണ് മൃതദേഹം ആദ്യം കാണുന്നത്. തുടർന്ന് അധ്യാപികയെ അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.



