ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചേക്കും ;നിർണായക വാർത്താസമ്മേളനം നാളെ

ആലപ്പുഴ: പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചേക്കും. ഇതു സംബന്ധിച്ച് നിർണായക പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകുമെന്നാണ് വിവരം. വീണു പരിക്കേറ്റ് വിശ്രമത്തിലായതിനാൽ പറവൂരിലെ വസതിയിൽ വ്യാഴാഴ്ച രാവിലെ വാർത്തസമ്മേളനം വിളിച്ചാണ് അദ്ദേഹം മനസ്സ് തുറക്കുക. നിരന്തരം തന്നെ അവഗണിക്കുന്ന സി.പി.എം നേതൃത്വത്തിന് രൂക്ഷവിമർശനമുണ്ടാകും.കോൺഗ്രസടക്കമുള്ള മറ്റു പാർട്ടികളിലേക്ക് ചേക്കേറാതെ, കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പൊതുപ്രവർത്തകനായി സ്വന്തംതട്ടകത്തിൽ ജനവിധി തേടാനാണ് സുധാകരന്റെ തീരുമാനം.

നീണ്ടകാലം ആലപ്പുഴയിലെ സി.പി.എമ്മിനെ നിയന്ത്രിച്ചിരുന്ന ജി. സുധാകരൻ അച്ചടക്കനടപടിയും പിന്നാലെ അവഗണനകളും ഏറ്റുവാങ്ങിയത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് മുതലാണ്. പാർട്ടി വ്യവസ്ഥപ്രകാരം കഴിഞ്ഞ തവണ നിയമസഭ സീറ്റ് നിഷേധിച്ചതിന് പിന്നാലെ 75 വയസ്സ് പ്രായപരിധിയുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. ജില്ല കമ്മിറ്റി ഓഫിസ് ബ്രാഞ്ചിലാണ് ഉൾപ്പെടുത്തിയത്. ഇതിനിടെയാണ് അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിൽ പാർട്ടി പരസ്യമായി ശാസിച്ചത്. ഇതോടെയാണ് ഏറ്റുമുട്ടലുകളുടെ തുടക്കം.

Leave a Comment