മലപ്പുറം: കൊണ്ടോട്ടി മൊറയൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മലപ്പുറം മേലാറ്റൂർ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കരിപ്പൂർ വിമാനത്താവളത്തിൽ ബന്ധുവിനെ ഇറക്കി മടങ്ങി വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന സ്വകാര്യ ബസിലേക്ക് നേർക്കുനേർ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം ആരംഭിച്ചു. കാർ പൂർണമായും തകർന്ന നിലയിലായിരുന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല.കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് നിസാര പരിക്കേറ്റു.



