ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ.ആരുടെയും പിന്തുണ തേടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായോ യു.ഡി.എഫുമായോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കളാരും തന്നെ അനുനയിപ്പിക്കാനോ പ്രത്യേക ദൗത്യവുമായോ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച തന്റെ വസതിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം തന്റെ ദീർഘകാല രാഷ്ട്രീയ ജീവിതത്തേക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് ഒഴിഞ്ഞെങ്കിലും, കമ്യൂണിസ്റ്റ് ആദർശങ്ങളോ പാർട്ടിയുടെ അടിസ്ഥാന ആശയങ്ങളോ താൻ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ ആക്ഷേപിക്കാനോ അതിന്റെ ഭരണഘടനയെ തള്ളിപ്പറയാനോ തനിക്ക് ഉദ്ദേശമില്ല. അനുഭാവികളിൽ ഒരാളായി തുടരും. സംഘടനയുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.



