തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ മുൻനിലപാട് തിരുത്താനൊരുങ്ങുന്നതായി വിവരം.ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകും. നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിഷയത്തിൽ നിലപാട് മാറ്റിയിരുന്നു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ നേരത്തേ സ്വീകരിച്ചിരുന്ന നിലപാടുമായി ഇനി മുന്നോട്ടുപോകാനാവില്ല എന്ന നിലപാടിലാണ് പാർട്ടി എത്തിനിൽക്കുന്നത് എന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണം എന്ന മുൻനിലപാട് മാറ്റി, വിശ്വാസികൾക്കൊപ്പം എന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക. ഒരു രാഷ്ട്രീയ പ്രതിസന്ധി എന്നതിനപ്പുറം ഭരണപരമായ പ്രതിസന്ധി കൂടിയാണ് സിപിഎമ്മിന് നിലവിൽ ഈ വിഷയം.



