നടി ഷംന കാസിം വീണ്ടും അമ്മയായി. ശനിയാഴ്ച പുലർച്ചെ ഷംന കാസിം പെൺകുഞ്ഞിന് ജന്മം നൽകിയതായി ഭർത്താവ് ഷാനിദ് ആസിഫ് അലി സാമൂഹികമാധ്യമങ്ങൾ വഴി അറിയിച്ചു. കുടുംബത്തിന് ലഭിച്ച വലിയ അനുഗ്രഹമാണ് പെൺകുഞ്ഞെന്ന് ഷാനിദ് കുറിച്ചു.
‘അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ കുടുംബത്തിൽ ഇന്ന് പുലർച്ചെ 4.25-ന് ഒരു പെൺകുഞ്ഞ് ജനിച്ചു. അവൾ അല്ലാഹുവിന്റെ വിലയേറിയ സമ്മാനവും ഞങ്ങളുടെ ഹംദു മോന്റെ സ്നേഹനിധിയായ കുഞ്ഞനിയത്തിയുമാണ്. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച വലിയ അനുഗ്രഹം. സങ്കീർണ്ണതകളൊന്നുമില്ലാതെ സുരക്ഷിതമായ പ്രസവത്തിന് അല്ലാഹുവിനോട് ഹൃദയപൂർവ്വം നന്ദി പറയുന്നു’, ഷാനിദ് കുറിച്ചു.
‘ഡോ. സഫാ ഫാത്തിമയ്ക്കും സഹായിച്ച എല്ലാ നഴ്സുമാർക്കും ആസ്റ്റർ ഹോസ്പിറ്റലിലെ ടീമിനും അവരുടെ മികച്ച പരിചരണത്തിനും പിന്തുണയ്ക്കും ഞങ്ങൾ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. ഞങ്ങളെ പ്രാർഥനയിൽ ഉൾപ്പെടുത്തിയ എല്ലാ പ്രിയപ്പെട്ടവർക്കും പ്രത്യേക നന്ദി’, ഷാനിദ് കൂട്ടിച്ചേർത്തു.ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭർത്താവ് ഷാനിദ് ആസിഫ് അലി.



