തിരുവനന്തപുരം (വിഴിഞ്ഞം): നെറ്റിയിൽ പരിക്കേറ്റ് തലയോട് പൊട്ടി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടുകാൽ പുലിയൂർക്കോണം വാർഡിൽ തേരിവിള പുത്തൻവീട്ടിൽ ചുമട്ടുതൊഴിലാളിയായ സി. പ്രമോദ് (38) ആണ് മരിച്ചത്. സുഹ്യത്തുക്കളുമായി മദ്യപിക്കുന്നതിനിടയിൽ ആരോ പട്ടികകൊണ്ട് തന്റെ ഭർത്താവിനെ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പ്രമോദിന്റെ ഭാര്യ ആരോപിച്ചു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം നാലാംതീയതി രാത്രിയിൽ പ്രമോദ് സുഹ്യത്തുക്കളായ സജീവ്, പ്രശാന്ത്, മഹേഷ് എന്നിവർക്കൊപ്പം പുലിയൂർക്കോണം ഭാഗത്ത് സംഘം ചേർന്നിരുന്ന് മദ്യപിച്ചിരുന്നു. പുലർച്ച 2.30-ഓടെ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ നാലുപേരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കാര്യങ്ങൾ കൈവിട്ടുപോകും എന്ന് തോന്നിയതോടെ, സംഘത്തിലുണ്ടായിരുന്ന മഹേഷിന്റെ അച്ഛൻ രാജു വിഴിഞ്ഞം പോലീസിനെ വിവരമറിയിച്ചു.
പോലീസ് എത്തിയതോടെ ഇവർ അവിടെനിന്നും രക്ഷപ്പെട്ടു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഇവരുടെ മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്ത് സ്റ്റേഷനിലെത്തിച്ചു. അടുത്ത ദിവസം പ്രമോദിനെയും സജീവിനെയും പ്രശാന്തിനെയും മഹേഷിനെയും വിളിച്ചുവരുത്തി വിശദാശംങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മൊബൈൽ ഫോണുകളും കൈമാറി വിട്ടയച്ചു.
വലതുനെറ്റിയിലെ പരിക്കിനെക്കുറിച്ച് പോലീസ് ചോദിച്ചപ്പോൾ, വീണുപരിക്കേറ്റതാണ് എന്നാണ് പ്രമോദ് പറഞ്ഞത്. മുറിവ് ചികിത്സിക്കുന്നതിനായി തൊട്ടടുത്ത ദിവസം പ്രമോദിനെ ഭാര്യ റീന ഉച്ചക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ബൈക്കിൽനിന്നും വീണാണ് പരിക്കേറ്റത് എന്നാണ് ഇയാൾ ഡോക്ടറോട് പറഞ്ഞത്. മുറിവിന്റെ അസ്വാഭാവികത കൊണ്ട് ആശുപത്രി അധികൃതർ ഇക്കാര്യം വിഴിഞ്ഞം പോലീസ് സ്‌റ്റേഷനിൽ അറിയിച്ചിരുന്നു.നെറ്റിയിലേറ്റ പരിക്കിനെ തുടർന്ന് പ്രമോദിന്റെ തലയോടിന് പൊട്ടലേറ്റിരുന്നു. അങ്ങനെ ഏഴാം തീയതിയോടെ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചികിൽസയിലിരിക്കെയാണ് വെളളിയാഴ്ച രാവിലെയാണ് മരിച്ചത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.



