മധ്യകേരളത്തിന്റെ ചികിത്സാ ഭൂപടം മാറ്റിമറിക്കാൻ സജ്ജമായിരിക്കുകയാണ് കളമശ്ശേരിയിലെ കൊച്ചിൻ ക്യാൻസർ സെന്റർ.ക്യാൻസർ എന്ന മഹാവ്യാധിയോട് പൊരുതുന്ന ആയിരക്കണക്കിന് മനുഷ്യർക്ക് ആശ്വാസത്തിന്റെ തണലാകാൻ ലക്ഷ്യമിട്ടുള്ള ഈ ബൃഹദ് പദ്ധതി, വെറുമൊരു ആശുപത്രി എന്നതിലുപരി ലോകോത്തര പഠന-ഗവേഷണ കേന്ദ്രം കൂടിയായി മാറുകയാണ്.വരും തലമുറയ്ക്ക് രോഗരഹിതമായ ഒരു നാളെയെ വാഗ്ദാനം ചെയ്തുകൊണ്ട് സി.സി.ആർ.സി ഉടൻ വാതിൽ തുറക്കുമ്പോൾ, അത് കേരളത്തിന്റെ ആരോഗ്യചരിത്രത്തിലെ സുവർണ്ണ അധ്യായമാകുമെന്നത് തീർച്ചയാണ്.
അർബുദ ചികിത്സയിലും ഗവേഷണത്തിലും മുന്നേറ്റം ലക്ഷ്യമിട്ട് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച അത്യാധുനിക മന്ദിരം കൊച്ചിൻ ക്യാൻസർ സെന്ററിന്റെ ഫെബ്രുവരി 9 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ദരിദ്ര വിഭാഗത്തിന് സൗജന്യമായും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിലും ചികിത്സ ഉറപ്പാക്കുന്ന ആശുപത്രിയിൽ മധ്യകേരളത്തിൽ ഉള്ളവർക്ക് ചികിത്സാ മുൻഗണയിലുള്ള ആശുപത്രിയായിരിക്കും.എറണാകുളം മെഡിക്കൽ കോളേജ് ക്യാമ്പസിനോട് ചേർന്ന് 12.63 ഏക്കറിലാണ് പുതിയ കെട്ടിടം.223 കോടി രൂപ കെട്ടിട നിർമാണത്തിനും 150 കോടി ഉപകരണങ്ങൾ വാങ്ങാനുമായി കിഫ്ബി വിലയിരുത്തി.



