'ലോംഗ് ജംമ്പ്, ഹൈ ജംമ്പ്, ട്രിപ്പിള്‍ ജംമ്പ്'; ഏലൂരിന്റെ അഭിമാന മുഖമായി പുഷ്പ മോഹന്‍

‘ലോംഗ് ജംമ്പ്, ഹൈ ജംമ്പ്, ട്രിപ്പിള്‍ ജംമ്പ്’;ഏലൂരിന്റെ അഭിമാന മുഖമായിപുഷ്പ മോഹന്‍

ഏലൂര്‍; നെടുങ്കണ്ടത്ത് സംഘടിപ്പിച്ച മലയാളി മാസ്റ്റേഴ്‌സ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി ഏലൂര്‍ ഡിപ്പോ സ്വദേശിനി പുഷ്പ മോഹന്‍. 59 കാരിയായ പുഷ്പയുടെ കായിക ഇനം ചാട്ടമാണ്. പ്രായം വെറും നമ്പറാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പുഷ്പ ലോംഗ് ജംമ്പ്, ഹൈ ജംമ്പ്, ട്രിപ്പിള്‍ ജംമ്പില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. കൂടാതെ കായികമേളയില്‍ 489 പോയിന്റ് നേടി പുഷ്പ മോഹന്‍ എറണാകുളം ജില്ലാ ഓവറോള്‍ ചാമ്പ്യന്‍ പട്ടവും സ്വന്തമാക്കി.

സ്‌കൂള്‍ കാലഘട്ടം മുതലാണ് പുഷ്പയുടെ കായിക രംഗത്തുള്ള ജീവിതം ആരംഭിക്കുന്നത്. 35 വര്‍ഷം പിന്നിടുന്നു. ഈ കാലഘട്ടത്തിനിടയില്‍ ഒരുപാട് മെഡലുകളും പുഷ്പ നേടിയിട്ടുണ്ട്. നിലവില്‍ ജനുവരി മാസം അവസാനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന നാഷണല്‍ മീറ്റില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പുഷ്പ മോഹന്‍. കൊറിയയില്‍ നടക്കുന്ന അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കണമെന്ന സ്വപ്‌നമാണ് പുഷ്പയ്ക്ക് ബാക്കിയുള്ളത്.

തടസമായി നില്‍ക്കുന്നത് സാമ്പത്തികമാണെന്ന് പുഷ്പ പറയുന്നു. സ്വന്തമായി അധ്വാനിച്ച് പണം കണ്ടെത്തിയാണ് പുഷ്പ ഓരോ മീറ്റിലും പങ്കെടുക്കുന്നത്. കൊറിയയിലെ അത്‌ലറ്റിക് മീറ്റ് മാത്രം പ്രതിസന്ധിയിലാണെന്ന് പുഷ്പ തന്റെ ആഗ്രഹം അടക്കി വെയ്ക്കാനാവാതെ പറഞ്ഞു. കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷനിലെ അലി സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയാണ് പുഷ്പ മോഹന്‍. പ്രായത്തെ മറികടന്ന് സ്വപ്‌നത്തിലേയ്ക്കുള്ള യാത്രയില്‍ പുഷ്പയ്ക്ക് തുണയായി ഏലൂര്‍ കൂടെയുണ്ട്.

Leave a Comment