തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട സംഭവത്തിന് 9 വർഷം പൂർത്തിയാകുന്ന പശ്ചാത്തലത്തിൽ അതിജീവിതയ്ക്ക് പിന്തുണയുമായി ‘അവൾക്കൊപ്പം’ ക്യാമ്പെയിൻ സജീവമാക്കി വുമൺ ഇൻ സിനിമാ കളക്ടീവ്. നീതിക്കായുള്ള പോരാട്ടത്തിന്റെ സ്മരണ പുതുക്കി കേരളത്തിലെ മൂന്നു പ്രധാന നഗരങ്ങളിൽ ചൊവ്വാഴ്ച മെഴുകുതിരി തെളിക്കൽ ചടങ്ങ് സംഘടിപ്പിക്കുമെന്ന് ഡബ്ല്യു.സി.സി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുന്നെങ്കിലും അതേദിവസമായിരുന്നു അവൾ സധൈര്യംഅനീതിക്കെതിരെ പ്രതികരിച്ചത് എന്ന്ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ആ ധീരമായ ചുവടുവെപ്പിൽ നിന്നാണ് #Avalkoppam (അവൾക്കൊപ്പം) എന്ന പ്രസ്ഥാനം പിറന്നതെന്നും സംഘടന വ്യക്തമാക്കി.
ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പോസ്റ്റ്
2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുനെങ്കിലും, അതേ ദിവസമായിരുന്നു അവൾ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചത് . അവളുടെ പോരാട്ടത്തിനായി നമ്മൾ ഒരുമിച്ച് നിൽക്കുമെന്ന തീരുമാനത്തോടെയായിരുന്നു #അവൾക്കൊപ്പം എന്ന പ്രസ്ഥാനം പിറന്നത്.കഴിഞ്ഞ 9 വർഷമായി കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ ഒരു ചെറിയ പങ്കു വഹിച്ച ഈ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കാൻ നിരന്തരം പ്രവർത്തിച്ചു.പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട്, WCC അവൾക്കൊപ്പവും, അതിജീവിച്ച എല്ലാവർക്കും ഒപ്പം നിൽക്കുന്നവരെ ഈ യാത്രയുടെ ഭാഗമാവാൻ ക്ഷണിക്കുന്നു. ഇരുട്ടിന്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാം



