കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ ചിന്നു പാപ്പു (25) എന്ന രേഷ്മയുടെ മരണത്തിൽ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ആൺ സുഹൃത്ത് കുഡ്ലു മന്നിപ്പാടി സ്വദേശി സന്ദേശി(29)നെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വാടക വീട്ടിലെ കിടപ്പുമുറിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് മൃതദേഹം കണ്ടത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ഫെബ്രുവരി ഒൻപതാം തീയതി ഉച്ചയ്ക്കാണ് ആദൂർ, ആലന്തടുക്ക സ്വദേശിനിയായ രേഷ്മയെ കുഡ്‌ലു, ആസാദ് നഗറിലെ വാടക ക്വാർട്ടേഴ്‌സിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്.അന്വേഷണത്തിന്റെ ഭാഗമായി സന്ദേശിനെ കാസർകോട് ടൗൺ പൊലീസ് ചോദ്യം ചെയ്തിരുന്നു.രേഷ്മയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ചിന്നുപാപ്പുവിന്റെ മരണവുമായി ബന്ധപ്പെട്ട് സന്ദേശിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഉണ്ടായത്. നാരായണ നായിക്- സരോജ ദമ്പതികളുടെ മകനായ സന്ദേശ്, പോളിഷ് ജോലി ചെയ്തുവരികയായിരുന്നു. സഹോദരി: ഗൗതമി.



