ചെന്നെെ: തമിഴ്നാട്ടിലെ മുതിർന്ന സിപിഐ നേതാവും സ്വാതന്ത്യസമര സേനാനിയുമായ ആർ നല്ലകണ്ണ് (101) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖകളെ തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. ‘സഖാവ് ആർഎൻകെ’ എന്നാണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്.തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവായിരുന്നു നല്ലകണ്ണ്.
13 വർഷത്തോളം (1992-2005) സിപിഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു. 80 വർഷത്തിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ നിരവധി ജനകീയ പ്രശ്നങ്ങൾക്കായി പോരാടിയിട്ടുണ്ട്. തമിഴ്നാട്ടിലെ കർഷകപ്രസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ശ്രീനിവാസ് റാവുവിനൊപ്പം കിസാൻ സഭയുടെ അടിത്തറ സൃഷ്ടിച്ചു. തെക്കൻ തമിഴ്നാട്ടിലെ ജാതി കലാപങ്ങൾക്കെതിരെ പദയാത്ര നടത്തി. 1924ൽ തൂത്തുക്കുടി ശ്രീവെെകുണ്ഠത്ത് ആണ് ജനനം.



