ആലപ്പുഴ: സംസ്ഥാന നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച്, പാർട്ടി വിടുമെന്ന് വ്യക്തമാക്കിയ മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചന. എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമാകും അന്തിമ തീരുമാനം.
മത്സരിക്കാൻ തയാറായാൽ യു.ഡി.എഫ് പിന്തുണച്ചേക്കും. കോൺഗ്രസിലെ ചില പ്രമുഖ നേതാക്കൾ സുധാകരനുമായി ആശയവിനിമയം നടത്തിയതായി പറയുന്നു. അതേസമയം, സുധാകരനെ അനുനയിപ്പിക്കാൻ സി.പി.എം ശ്രമം തുടങ്ങിയിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ചു. വാർത്തസമ്മേളനത്തിൽ താൻ പരിഹസിച്ചതല്ലെന്നും ചിരിച്ചത് മാധ്യമ പ്രവർത്തകരുടെ ചോദ്യം കേട്ടാണെന്നും ഗോവിന്ദൻ വിശദീകരിച്ചു.പാർട്ടി അംഗത്വം പുതുക്കണം എന്നും സുധാകരനോട് ആവശ്യപ്പെട്ടു. തന്റെ നിലപാട് സുധാകരനും വ്യക്തമാക്കി. എം.വി. ഗോവിന്ദൻ അടക്കമുള്ളവർക്ക് ബുദ്ധിമുട്ടായി ഇനി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഈ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് അംഗത്വം പുതുക്കില്ലെന്നും സുധാകരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചിരുന്നു.



