ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമകൾക്ക് 16 വയസ്

ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമകൾക്ക് 16 വയസ്. മലയാളിയുടെ മനോവിചാരങ്ങൾക്ക് അക്ഷരരൂപം നൽകിയ തൂലികയായിരുന്നു അദ്ദേഹം. പ്രണയത്തിന്റെ മഞ്ഞുതുള്ളിയും വിരഹത്തിന്റെ കനൽത്തരിയും ഒരേപോലെ ആ വരികളിൽ വിരിഞ്ഞു. തൂലികത്തുമ്പിലെ പ്രഭ മങ്ങാതെ മലയാളിയുടെ ചുണ്ടുകളിൽ ആ ​ഗാനങ്ങൾ ഇന്നും അനശ്വരമായി തുടരുന്നു…

കോഴിക്കോട് പുത്തഞ്ചേരിയിൽ പുളിക്കൂൽ കൃഷ്ണപ്പണിക്കരുടെയും കർണാടക സംഗീതജ്ഞയായ മീനാക്ഷിയമ്മയുടെയും മകനായി 1961 മെയ് 1നാണ് ജനനം. ബാല്യകാലം മുതൽക്കേ സാഹിത്യത്തോടും നാടകത്തോടും ആഭിമുഖ്യം പുലർത്തിയിരുന്നു അദ്ദേഹം. ആകാശവാണിയിലും തരംഗിണി പോലുള്ള ഓഡിയോ കമ്പനികളിലും ലളിതഗാനങ്ങൾ രചിച്ചുകൊണ്ടാണ് കലാജീവിതം ആരംഭിച്ചത്. 1989-ൽ ‘എൻക്വയറി’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തി. 1992-ൽ പുറത്തിറങ്ങിയ ‘ജോണി വാക്കർ’ എന്ന ചിത്രത്തിലെ “ശാന്തമീ രാത്രിയിൽ” എന്ന ഗാനം അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായി.

മലയാളികളുടെ പ്രണയവും വിരഹവും വേദനയും സന്തോഷവുമെല്ലാം കുറിച്ചെടുത്തവതരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഓരോ വരികളും. പിന്നീട് കാലാതിവർത്തിയായ ആ വരികൾ മാറി. പ്രകൃതിയും മനുഷ്യനും മനോവിചാരങ്ങളും രചനകളിലെ പ്രധാന വിഷയമായിരുന്നു.

രണ്ടു പതിറ്റാണ്ടു നീണ്ട കരിയറിൽ 344 സിനിമകളിലായി 1600ലധികം ഗാനങ്ങളാണ് അദ്ദേഹത്തിന്റെ തൂലിക വിരിഞ്ഞത്. മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് റെക്കോർഡ് നേട്ടമായ ഏഴുതവണ അദ്ദേഹം സ്വന്തമാക്കി. ഗാനരചനയ്ക്ക് പുറമെ ‘വടക്കുംനാഥൻ’, ‘പല്ലാവൂർ ദേവനാരായണൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയും ‘മേലേപ്പറമ്പിൽ ആൺവീട്’ പോലുള്ള ഹിറ്റ് സിനിമകൾക്ക് കഥ നൽകിയും സിനിമ മേഖലയിൽ സജീവമായിരുന്നു പുത്തഞ്ചേരി. ഇന്ത്യൻ പെർഫോമിംഗ് റൈറ്റ്‌സ് സൊസൈറ്റിയുടെ ഡയറക്ടറായും കേരള കലാമണ്ഡലം അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2010 ഫെബ്രുവരി 10-ന് 49-ാം വയസ്സിൽ മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്നാണ് അദ്ദേഹത്തിന്റെ വിയോ​ഗം.തലമുറകൾ മാറിയപ്പോഴും മലയാളിയുടെ ചുണ്ടിൽനിന്ന് മായാത്ത ഈണങ്ങളെല്ലാം ഒരേ തൂലികയിൽ പിറന്നവയാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ ഓരോ വരികളും ഏതൊരാളും എന്നും ഓര്‍ത്തിരിക്കും.

Leave a Comment