കുതിച്ചുയർന്ന് സ്വർണവില: പവന് 1,17,120 രൂപയായി
ഭൗമരാഷ്ട്രീയ സംഘർഷവും സാമ്പത്തിക അനിശ്ചിതത്വവും മൂലം ദിനംപ്രതിയെന്നോണം കുതിച്ച് സ്വർണ വില. സംസ്ഥാനത്ത് വെള്ളിയാഴ്ച പവന്റെ വില 3,960 രൂപ കൂടി 1,17,120 രൂപയിലെത്തി. ഗ്രാമിനാകട്ടെ 495 രൂപ ഉയർന്ന് 14,640 രൂപയുമായി. ഇതോടെ മൂന്നാഴ്ചക്കിടെ സ്വർണ വിലയിലുണ്ടായത് 18,080 രൂപയുടെ വർധന.
രാജ്യാന്തര വിപണിയിലാകട്ടെ ട്രോയ് ഔൺസിന് 4,961 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 1.60 ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. വെള്ളിയുടെ വില കിലോഗ്രാമിന് 3.39 ലക്ഷം രൂപയുമായി. 12,638 രൂപയാണ് വെള്ളിയാഴ്ച മാത്രം കൂടിയത്.



