ഇന്നത്തെ കാലത്ത് ആളുകളുടെ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് സ്മാർട്ട്‌ഫോണുകൾ. ഇപ്പോൾ, ടോയ്‌ലെറ്റിൽ പോകുമ്പോഴും ഫോൺ കൈയിൽ എടുത്ത് അത് നോക്കുന്നവർ അനേകരാണ്. എന്നാൽ ഈ ശീലം തുടർന്നാൽ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.ഈ ശീലം പൈൽസ് വരാനുള്ള സാധ്യത 46% വരെ വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
പഠനം പറയുന്നത്
Beth Israel Deaconess Medical Center 45 വയസ്സിനും അതിനുമുകളിലും പ്രായമുള്ള 125 മുതിർന്നവരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇവരിൽ, ടോയ്‌ലെറ്റിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്കു ഹെമറോയ്ഡ് ഉണ്ടാകാനുള്ള സാധ്യത 46% കൂടുതലാണെന്ന് പഠനം പറയുന്നു.
ടോയ്‌ലെറ്റിൽ പോകുമ്പോൾ ഫോൺ ഉപയോഗിക്കുന്നത്, ആവശ്യമുള്ളതിലും കൂടുതൽ നേരം അവിടെ ഇരിക്കാൻ കാരണമാകാം. ഇതുവഴി മലദ്വാരത്തിലെ രക്തക്കുഴലുകളിൽ സമ്മർദ്ദം കൂടുന്നു. ഈ സമ്മർദ്ദം രക്തക്കുഴലുകളിൽ വീക്കമുണ്ടാക്കി പൈൽസിന് കാരണമാകുന്നു. സാധാരണ കസേരയിലോ സോഫയിലോ ഇരിക്കുമ്പോൾ pelvic floor പേശികൾക്കും ചുറ്റുമുള്ള ടിഷ്യൂകൾക്കും ആവശ്യമായ പിന്തുണ ലഭിക്കും. എന്നാൽ, ടോയ്‌ലെറ്റ് സീറ്റിന് അത് ഇല്ലാത്തതിനാലാണ് രക്തക്കുഴലുകളെ അത് പ്രതികൂലമായി ബാധിക്കുന്നത്.
എന്താണ് പൈൽസ്?
മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കമാണ് പൈൽസ്. ഹെമറോയ്ഡുകൾ എന്നും പറയാറുണ്ട്. മൂലക്കുരുവെന്നാണ് പൊതുവേ ഇത് ആളുകൾക്കിടയിൽ അറിയപ്പെടുന്നത്. മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക് കൂടുതൽ വലിച്ചിലുണ്ടാകുമ്പോഴും കനംകുറയുമ്പോഴും പൈൽസുണ്ടാകാം. ഇത്തരത്തിൽ വീക്കം വന്ന രക്തക്കുഴലുകളുടെ മുകളിൽ മർദം കൂടുമ്പോൾ അവ പൊട്ടി രക്തസ്രാവവുമുണ്ടാകും.
ആർക്കൊക്കെ പൈൽസ് വരാം ?
ഏതുപ്രായക്കാർക്കും സ്ത്രീപുരുഷഭേദമെന്യേ പൈൽസ് വരാം. ഗർഭിണികളിലും പ്രായമായവരിലും ഇത് കൂടുതൽ കാണുന്നു. ഗർഭിണികളിൽ രക്തക്കുഴലുകൾ വികസിക്കുന്നതാണ് കാരണം. ഗർഭകാലത്തിന്റെ അവസാനത്തെ ആറുമാസമാണ് പൈൽസ് മൂലമുള്ള അസ്വസ്ഥതകൾ കൂടുന്നത്.
സ്ഥിരമായി മലബന്ധവും വയറിളക്കവും ഉള്ളവർക്ക്.
മലവിസർജ്ജനത്തിനായി കൂടുതൽ സമയം ചെലവഴിക്കുന്നവർക്ക്.
മലബന്ധം മൂലം മലവിസർജനത്തിന് അമിതമായി മുക്കുന്നവർക്ക്.
അമിതവണ്ണവും അമിതഭാരവും ഉള്ളവരിൽ പൈൽസ് സാധ്യത കൂടുതലാണ്.
കൂടുതൽ സമയം ഇരിക്കുന്നത്.
വെയ്റ്റ് ലിഫ്റ്റിങ് പോലുള്ള കഠിനവ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കിയവർക്ക് രോഗസാധ്യതയുണ്ട്. ഇത്തരം വ്യായാമങ്ങൾ കുടലിനും ശരീരത്തിന്റെ കീഴ്ഭാഗത്തിനും ക്ഷതമേൽപ്പിക്കാനിടയാക്കാം.
ശക്തമായ ചുമ, ഛർദി, തുമ്മൽ, ശ്വാസംപിടിച്ചുള്ള വ്യായാമങ്ങൾ എന്നിവയും പൈൽസിന് കാരണമാകാം



