തിരുവനന്തപുരം: ജനപ്രിയ ബജറ്റിനുള്ള അവസാന തയാറെടുപ്പുകളിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. രണ്ടാം പിണറായി സർക്കാറിന്റെ ആറാം ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കും. ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്കുശേഷം നിര്‍ണായക നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന ഇടതുമുന്നണിയെ സംബന്ധിച്ച് ജനങ്ങളെ കൈയിലെടുക്കാനുള്ള പ്രഖ്യാപനങ്ങൾ അനിവാര്യമാണ്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീട്ടമ്മമാർക്ക് പെൻഷൻ, ക്ഷേമ പെൻഷൻ വർധന, ഉദ്യോഗാർഥികൾക്കുള്ള സ്റ്റൈപ്പന്റ് അടക്കം പരമാവധി ക്ഷേമാനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു.ഫലത്തിൽ ക്ഷേമത്തിനപ്പുറം കൈയടിക്കുള്ള വകയാകും ബാലഗോപാലിന്റെ പെട്ടിയിലുണ്ടാവുക. ഒപ്പം സർക്കാർ ജീവനക്കാരെ ഒപ്പം നിർത്താനുള്ള പ്രഖ്യാപനങ്ങളും.ഇതിൽ പങ്കാളിത്ത പെൻഷൻ ഒഴിവാക്കി അഷ്വേർഡ് പെൻഷനിലേക്ക് മാറുമോ എന്നതും ശമ്പള പരിഷ്കരണ പ്രഖ്യാപനവും ജീവനക്കാർ ഉറ്റുനോക്കുന്നുണ്ട്. അഷ്വേർഡ് പെൻഷന്റെ കാര്യം കഴിഞ്ഞയാഴ്ചയും ധനമന്ത്രി ആവർത്തിച്ചിരുന്നു. പങ്കാളിത്ത പെൻഷൻ വേണ്ടെന്ന ആവശ്യവുമായി സർക്കാർ ജീവനക്കാരുടെ സംഘടനകൾ കക്ഷി ഭേദമില്ലാതെ സമരത്തിലാണ്. ക്ഷാമബത്തയിൽ രണ്ട് ഗഡുവെങ്കിലും നൽകാനും ശമ്പള പരിഷ്കരണത്തിനും ബജറ്റ് നിർദേശം ഉണ്ടായേക്കും. ശമ്പള പരിഷ്കരണ വിഷയത്തിൽ കമീഷനെ നിയമിക്കാതെ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കാനും വേഗത്തിൽ നടപടി നീക്കാനും ആലോചനയുണ്ട്.
രണ്ട് ഗഡുക്കളായി ആറ് ശതമാനം ഡി.എ കുടിശ്ശിക ബജറ്റിൽ പ്രഖ്യാപിച്ചശേഷം ബാക്കി അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ 10 മുതൽ 15 ശതമാനം വരെ ശമ്പളവർധനയുണ്ടാകും. അടുത്തിടെ പ്രഖ്യാപിച്ച അതിദാര്യദ്ര്യ നിര്‍മാര്‍ജനത്തിന്റെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കിയുള്ള പ്രഖ്യാപനങ്ങളാണ് മറ്റൊന്ന്. വയോജനങ്ങളുടെ ആരോഗ്യം, പരിചരണം, ഉപജീവനം തുടങ്ങിയവക്ക് ഊന്നല്‍ നല്കുന്ന പദ്ധതികൾക്കും ബജറ്റിൽ പരിഗണന കിട്ടാം.
റബറിന്റെ താങ്ങുവില 250 രൂപയാക്കണമെന്ന ആവശ്യം മാണി കോൺഗ്രസിൽനിന്നടക്കം ശക്തമാണ്. മുന്നണിമാറ്റം സാഹസികമായി തടയിട്ട പശ്ചാത്തലത്തിൽ റബർ താങ്ങുവിലയിലും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു. നാളികേരം, നെല്ല് കർഷകർക്കായി പ്രത്യേക പാക്കേജുകളും സബ്സിഡികളും ഉണ്ടായേക്കും. ‘ലൈഫ് മിഷൻ’ പദ്ധതിയുടെ അടുത്തഘട്ടത്തിനായി തുക വകയിരുത്തും.



