കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് ഒന്നര മണിക്കൂറോളം വൈകിയ മെട്രോ സർവീസ് സാധാരണഗതിയിലായതായി മെട്രോ അധികൃതർ വ്യക്തമാക്കി. രാവിലെ 7.40ഓടു കൂടി തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയ്ക്ക് പോകുന്ന ട്രെയിനിൽ എംജി റോഡ് സ്റ്റേഷന്‍ എത്തുന്നതിനു മുൻപാണ് തകരാർ കണ്ടെത്തിയത്. ഓട്ടമാറ്റിക് ആയി ബ്രേക്ക് വീഴുന്നതായിരുന്നു തകരാർ. ഇത് തിരിച്ചറിഞ്ഞതോടെ വളരെ പതുക്കെ ട്രെയിൻ എംജി റോഡ് സ്റ്റേഷനിലെത്തിച്ച് യാത്രക്കാരെ അവിടെ ഇറക്കി.
തുടർന്ന്, മറ്റൊരു ട്രെയിൻ എത്തിച്ച് തകരാറിലായ ട്രെയിൻ കെട്ടിവലിക്കുകയായിരുന്നു. 3 ട്രാക്കുകളുള്ള മുട്ടം സ്റ്റേഷനിലേക്കാണ് തകരാറിലായ ട്രെയിൻ കൊണ്ടുപോയത്. എം.ജി റോഡ് സ്റ്റേഷനിൽ ഇറക്കിയ യാത്രക്കാരേയും കെട്ടിവലിക്കാൻ കൊണ്ടുവന്ന ട്രെയിനിൽ തന്നെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു. സാധാരണ 30 കിലോമീറ്ററാണ് മെട്രോയുടെ വേഗം. ട്രെയിന്‍ തകരാറിലായ സമയത്ത് 10 കിലോമീറ്റർ വേഗത്തിലാണ് മറ്റു ട്രെയിനുകൾ സർവീസ് നടത്തിയത്.



