കോട്ടയത്ത് കമിതാക്കളെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം: ശാസ്ത്രി റോഡിലെ ലോഡ്ജിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കോട്ടയം മര്യാത്തുരുത്ത് കൈ താരം ഹൗസിൽ ആസിയ തസനിം (19), പുതുപ്പള്ളി പനംതാനത്ത് ഹൗസിൽ നന്ദകുമാർ (23) എന്നിവരെയാണ് ഒരേ ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. വെള്ളിയാഴ്ച വൈകിയും ഇരുവരെയും മുറിയിൽനിന്ന് പുറത്ത് കാണാതെ വന്നതോടെ ജീവനക്കാർ രാത്രി എട്ടിന് കോട്ടയം വെസ്റ്റ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് ഇരുവരെയും ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ ശനിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.ഇരുവരും കമിതാക്കളായിരുന്നെന്നും ഒന്നിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ ജീവനൊടുക്കുകയാണെന്നും ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Leave a Comment