നാട്ടുകാർ പിടികൂടി തൃക്കാക്കര പോലീസിനെ ഏൽപ്പിച്ചയാൾ കസ്റ്റഡിയിൽ മരിച്ചു

കാക്കനാട്: നാട്ടുകാർ പിടികൂടി കൈമാറിയ ആൾ തൃക്കാക്കര പോലീസ് കസ്റ്റഡിയിലിരിക്കേ മരിച്ചു. ദിണ്ടിക്കൽ എവള്ളൂർ മാവട്ടത്ത് ബാബുരാജ് (50) ആണ് മരിച്ചത്. തൃക്കാക്കര സഹകരണാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് തൃക്കാക്കര ഇൻസ്‌പെക്ടർ എ.കെ. സുധീർ പറഞ്ഞു. ഇയാളുടെ പേരിൽ മറ്റ് കേസുകൾ നിലവിലുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രി പത്തോടെ കാക്കനാട് ചെമ്പുമുക്ക് സെയ്ന്റ് മൈക്കിൾസ് പള്ളിക്കുസമീപത്ത് തോർത്തുമാത്രമുടുത്ത് ഇരുട്ടിൽ സംശയസാഹചര്യത്തിൽകണ്ട ബാബുരാജിനെ നാട്ടുകാർ ചോദ്യംചെയ്തു. ഓടാൻ ശ്രമിച്ചതോടെ ഇയാളെ ബലപ്രയോഗത്തിലൂടെ നാട്ടുകാർ പിടികൂടി.

തുടർന്ന് പോലീസിനെ വിളിച്ചുവരുത്തി കൈമാറി. പോലീസ് കസ്റ്റഡിയിലിരിക്കേ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ സെല്ലിനുള്ളിൽ ഇയാൾ അപസ്മാരലക്ഷണം പ്രകടിപ്പിച്ചു. തുടർന്ന് തൃക്കാക്കര സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ബാബുരാജിനെ പോലീസിന് കൈമാറുമ്പോൾ ആൾക്കൂട്ടം മർദിച്ചതിന്റെ ലക്ഷണങ്ങളൊന്നും ദേഹത്ത് കണ്ടില്ലെന്നും സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനുമുൻപ് വൈദ്യപരിശോധന നടത്തിയിരുന്നതായും പോലീസ് വിശദീകരിക്കുന്നു. ആശുപത്രിൽ എത്തിക്കും മുൻപുതന്നെ ബാബുരാജ് മരിച്ചിരുന്നുവെന്ന് സഹകരണാശുപത്രി അധികൃതർ പറഞ്ഞു.

Leave a Comment