വെഞ്ഞാറമൂട്: ഒരു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവ് റിമാൻഡില്‍. വാമനപുരം കണിച്ചോട് വാര്യംകോണം ചരുവിള പുത്തന്‍ വീട്ടില്‍ അശ്വതിയാണ് (35) റിമാൻഡിലായത്. ഇവരുടെ മകളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു സംഭവം. തൊഴിലുറപ്പ് പണിക്ക് പോയി മടങ്ങി വന്ന അശ്വതിയുടെ മാതാവ് കുട്ടിയെ തട്ടി വിളിച്ചിട്ടും അനക്കമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹമെത്തി കുട്ടിയെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ഡോക്ടറുടെ പരിശോധനയില്‍ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയുമുണ്ടായി.
പരിശോധനയില്‍ കുട്ടിയുടെ കഴുത്തില്‍ വിരലുകള്‍ കൊണ്ട് അമര്‍ത്തിപ്പിടിച്ചതിന്റെ അടയാളങ്ങളും കണ്ടെത്തി. ഇതോടെ സംശയം തോന്നിയ ഡോക്ടര്‍ വെഞ്ഞാറമൂട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധയിലും കഴുത്തിലെ അടയാളങ്ങള്‍ കാണുകയും സംശയത്തിന്റെ അടിസ്ഥാനത്തില്‍ രാത്രിയോടെ വീട്ടിലെത്തി അശ്വതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്നും കുട്ടിക്ക് ഓട്ടിസം ബാധിച്ചിട്ടുണ്ടന്നുള്ള സംശയമാണ് കൊലപ്പെടുത്താന്‍ കാരണമെന്നും അശ്വതി പൊലീസിനോട് സമ്മതിച്ചു. പൊലീസ് തെളിവെടുപ്പും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.



