ആലപ്പുഴ: മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നലെ രാത്രി സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചു. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. അംഗത്വം പുതുക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. എന്നാൽ അംഗത്വം പുതുക്കില്ലെന്ന നിലപാട് സുധാകരൻ ആവർത്തിച്ചു.
പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയും സുധാകരനുമായി സംസാരിക്കാൻ സാദ്ധ്യതയുണ്ട്. സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.പാർട്ടിയിൽ തുടർന്നുകൊണ്ട് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും 63 വർഷം നീണ്ട പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഇന്നലെയാണ് സുധാകരൻ അറിയിച്ചത്. കഴിഞ്ഞ ദിവസം ബ്രാഞ്ച് സെക്രട്ടറി നേരിട്ടെത്തിയെങ്കിലും അംഗത്വം പുതുക്കാൻ വിസമ്മതിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും ജില്ലാ സെക്രട്ടറിയുടെയും പേരെടുത്തു പറഞ്ഞാണ് സുധാകരൻ വിമർശിച്ചത്.



