എട്ടുമാസം പ്രായമുള്ള കുഞ്ഞ് മാതാവിന്റെ വീട്ടിൽ മരിച്ചനിലയിൽ

വണ്ടൂർ (മലപ്പുറം): നവജാതശിശുവിനെ മാതാവിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മഞ്ചേരി പുല്ലാര പുലത്ത് മുഹമ്മദിന്റെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് അഹമ്മദ് അൽയസഫിനെയാണ് മരിച്ചനിലയിൽ ശനിയാഴ്‌ച ഉച്ചയോടെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മരണത്തിൽ സംശയംതോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.

അസ്വാഭാവികമരണത്തിന് വണ്ടൂർ പോലീസ് കേസെടുത്തു. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടംചെയ്ത കുട്ടിയുടെ മൃതദേഹം ഞായറാഴ്‌ച ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശ്വാസംമുട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമികമായി മനസ്സിലാക്കാൻ കഴിഞ്ഞതെന്നും എന്നാൽ അതെങ്ങനെയാണെന്ന് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ പറയാനാകൂവെന്നും പോലീസ് പറഞ്ഞു.
വണ്ടൂർ ചെട്ടിയാർമലിലെ മാതാവിന്റെ വീട്ടിലാണ് കുട്ടി മരിച്ചത്. കുറച്ചുദിവസങ്ങൾക്കു മുൻപാണ് കുട്ടി മാതാവായ സബീക്കയ്ക്കൊപ്പം വണ്ടൂരിലെ വീട്ടിലെത്തിയത്. സഹോദരങ്ങൾ: മുഹമ്മദ്‌ ബിൻ മുഹമ്മദ്, അബ്ദുൽഖാദർ ജീലാനി, അഹമ്മദ് അൽമാഹി

Leave a Comment