യുവാവിനെയും പെൺസുഹൃത്തിനെയും ബൈക്കിൽ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച 19-കാരൻ അറസ്റ്റിൽ

നിലമ്പൂർ: ബൈക്കിൽ കാറിടിപ്പിച്ച് യുവാവിനെയും യുവതിയെയും കൊല്ലാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൂർ നായാട്ടുകല്ല് കാരാട് തുള്ളിശ്ശേരി വീട്ടിൽ അശ്മിലിനെ(19)യാണ് അറസ്റ്റ് ചെയ്തത്. ബൈക്ക് യാത്രക്കാരനായ ഷാബിൽ അഹമ്മദിന്റെ പരാതിയിലാണ് നടപടി.

സംഭവത്തിനുശേഷം ഒളിവിലായിരുന്ന അശ്മിലിനെ തൃശ്ശൂരിൽനിന്നാണ് നിലമ്പൂർ സി.ഐ. ബി.എസ്. ബിനുവിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘം ഉൾപ്പെടെ ചേർന്നു പിടികൂടിയത്. കഴിഞ്ഞ ഒൻപതിന് രാത്രി പന്ത്രണ്ടരയോടെ പൊങ്ങല്ലൂരിലാണ് സംഭവം. ഷാബിൽ അഹമ്മദും പെൺസുഹൃത്തും സഞ്ചരിച്ച ബൈക്കിൽ, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അശ്മിൽ സഞ്ചരിച്ചിരുന്ന കാർ ഇടിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വാരിയെല്ലിനും ശ്വാസകോശത്തിനുമുൾപ്പെടെ പരിക്കേറ്റ ഷാബിലിനെ ആദ്യം എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് സാരമായതിനാൽ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എടവണ്ണയിൽനിന്ന് ആംബുലൻസിൽ വണ്ടൂരിലേക്കു കൊണ്ടുപോകുമ്പോൾ അശ്മിലും കൂടെ കയറി യുവതിയെയുൾപ്പെടെ ഭീഷണിപ്പെടുത്തി. ആശുപത്രിയിലെത്തിയശേഷവും ഭീഷണി തുടർന്നു. പിന്നീട് ഒളിവിൽപ്പോകുകയായിരുന്നു.

ബന്ധുക്കളാണെന്നു തെറ്റിദ്ധരിപ്പിച്ച് അശ്മിൽ പെൺകുട്ടിയുടെ വീട്ടുകാരുമായി വിവാഹത്തിനു ധാരണയായിരുന്നു. എന്നാൽ, പിന്നീട് പെൺകുട്ടിയുടെ വീട്ടുകാർക്ക് ഇയാൾ തെറ്റിദ്ധരിപ്പിച്ചതാണെന്നു മനസ്സിലായതോടെ വിവാഹത്തിൽനിന്നു പിൻമാറുകയായിരുന്നു.

Leave a Comment