കാഞ്ഞിരപ്പള്ളി: പൂഞ്ഞാറിൽ പി.സി. ജോർജ് എൻ.ഡി.എ. സ്ഥാനാർഥിയായി രംഗത്തെത്താനുള്ള സാധ്യതയേറുന്നു. പി.സി. ജോർജിന്റെ സ്ഥാനാർഥിത്വത്തെ ബി.ജെ.പി.നേതൃത്വവും തള്ളിക്കളയുന്നില്ല. വിജയസാധ്യതയുള്ള സ്ഥാനാർഥിയെന്നനിലയിലാണ് പി.സി. ജോർജിന് പരിഗണന നൽകുന്നത്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തുണ്ടാകുമെന്ന് പി.സി. ജോർജും അറിയിച്ചിരുന്നു.
പൂഞ്ഞാറിൽ പി.സി. ജോർജല്ലാതെ ശക്തനായ മറ്റൊരു സ്ഥാനാർഥിയില്ലെന്നാണ് പാർട്ടിനേതൃത്വത്തിന്റെ വിലയിരുത്തൽ. എൻ.ഡി.എ. മുന്നണിയിൽ ബി.ഡി.ജെ.എസിനായിരുന്നു പൂഞ്ഞാർ സീറ്റ്. എന്നാൽ, നിലവിൽ ബി.ഡി.ജെ.എസ്. സീറ്റിനായി അവകാശമുന്നയിച്ചിട്ടില്ലെന്ന് നേതൃത്വം പറയുന്നു. മകൻ ഷോൺ ജോർജ് പാലായിൽ മത്സരിക്കുന്നത് പി.സി. ജോർജിന്റെ സ്ഥാനാർഥിത്വത്തിന് തടസ്സമാകില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.



