തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലുമായുള്ള അഭിമുഖം ഇന്ന് പുറത്തുവരും. കണ്ടും മിണ്ടിയും ഇരുവർ എന്ന് പേരിട്ട അഭിമുഖം രണ്ട് ദിവസമെടുത്ത് ക്ലിഫ്ഹൗസിൽ വെച്ചാണ് ചിത്രീകരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന അഭിമുഖം സാമൂഹികമാധ്യമ പേജുകളിലും കാണാം. സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉൾപ്പെടെയുള്ളവരാണ് അഭിമുഖത്തിന്റെ പിന്നണിയിൽ.
അഭിമുഖത്തിന്റെ, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ വലിയ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമാണ് ഉള്ളടക്കമെന്നാണ് ടീസർ വ്യക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ പിആർ പ്രവർത്തനങ്ങൾ സജീവമാക്കിയെന്ന വിമർശനങ്ങൾക്കിടെയാണ് മോഹൻലാലുമായുള്ള അഭിമുഖം പുറത്തിറങ്ങുന്നത്.തേസമയം അഭിമുഖം സർക്കാരിന്റെ പിആർ സ്റ്റണ്ടാണ് എന്നാണ് പ്രതിപക്ഷം പരിഹസിച്ചത്. മോഹൻലാലും പിണറായി വിജയനും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിൽ എന്നാണ് സിപിഎമ്മിന്റെ മറുപടി



