ഡി.വൈ.എഫ്​.ഐയുടെ പ്രകോപന മുദ്രാവാക്യം; ചിന്ത ജെറോം ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

കൊല്ലം: കെ.എസ്​.യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്​ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച്​ കൊല്ലത്ത്​ ഡി.വൈ.എഫ്​.ഐ നടത്തിയ പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന പരാതിയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്​.

സമൂഹത്തിൽ സ്പർധയുണ്ടാക്കി കലഹം സൃഷ്​ടിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ്​​ ഇരവിപുരം പൊലീസ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്തത്​. ഡി.വൈ.എഫ്​.ഐ കൊല്ലം ഈസ്റ്റ്​ കമ്മിറ്റി ബുധനാഴ്ച ​വൈകീട്ട്​ ആറിന്​ പള്ളിമുക്ക്​ മുതൽ വെണ്ടർമുക്ക്​ വരെ നടത്തിയ ജാഥയിൽ പ​ങ്കെടുത്ത ചിന്ത ജെറോം, അഭിമന്യു, ഷബീർ, ആസിഫ്​, റഫീക്ക്​ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ്​ 50 പേർക്കുമെതിരെയാണ്​ കേസ്​.കൊല്ലുർവിള കോൺഗ്രസ്​ കമ്മിറ്റി പ്രസിഡന്‍റ്​ റിയാസുദീൻ റാവുത്തർ നൽകിയ പരാതിയിലാണ്​ കേസെടുത്തത്​. കൈകാൽവെട്ടും തട്ടും എന്നും മറ്റും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നും​ പള്ളിമുക്കിൽ കൊല്ലൂർവിള കോൺഗ്രസ്​ കമ്മിറ്റി സ്ഥാപിച്ച ഫ്ലക്സ്​ ബോർഡുകൾ നശിപ്പിച്ചെന്നും​ പരാതിയിലുണ്ട്.

Leave a Comment