കൊച്ചി: ഒന്നാം ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന് മുൻകൂർജാമ്യം അനുവദിച്ച് ഹൈക്കോടതി നടത്തിയത് സുപ്രധാന പരാമർശങ്ങൾ. ഇരുവരും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നാണ് പ്രഥമദൃഷ്ട്യാ ഉള്ള സൂചനയെന്നും ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. ഗർഭച്ഛിദ്രം പരാതിക്കാരിയുടെ സമ്മതത്തോടെയായിരുന്നെന്നും ഹൈക്കോടതി വിലയിരുത്തി.
ശാരീരികബന്ധത്തിന് സന്നദ്ധയായിരുന്നില്ലെങ്കിൽ വിവാഹിതയും പക്വമതിയുമായൊരു സ്ത്രീ, പ്രതിയെ സ്വന്തം അപ്പാർട്‌മെന്റിലേക്ക് ക്ഷണിക്കുകയും പിന്നീട് അയാളുടെ പാലക്കാട്ടെ ഫ്‌ലാറ്റിലേക്ക് അയാൾക്കൊപ്പം താമസിക്കാൻ പോകുകയും ചെയ്യുമെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല, ഒന്നാം പ്രതി രാഹുലും പരാതിക്കാരിയും തമ്മിലുള്ള വാട്ട്‌സാപ്പ് ചാറ്റും രണ്ടാം പ്രതി ഫെനിയും യുവതിയും തമ്മിലുള്ള വാട്ട്‌സാപ്പ് ചാറ്റും ഇവർ തമ്മിലുള്ള അടുത്ത വ്യക്തിബന്ധത്തെയാണ് കാണിക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള നിർബന്ധമോ ബലപ്രയോഗമോ നടന്നതായി കാണുന്നില്ല. ഇവയെല്ലാം പരിഗണിക്കുമ്പോൾ, 22-4-2025-നും പിന്നീട് 2025 മേയ് അവസാനവും നടന്നത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിബന്ധമാകാനാണ് സാധ്യതയെന്നും കോടതി വിലയിരുത്തി.
കേസിലെ രണ്ടാംപ്രതി നൽകിയ ഗുളികകൾ കഴിച്ചാണ് പരാതിക്കാരി ഗർഭച്ഛിദ്രം നടത്തിയതെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. രാഹുലിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഗുളികകൾ കഴിച്ചതെന്നാണ് പരാതിക്കാരിയുടെ വാദം. ഗർഭം തുടരുന്നതിന് രാഹുൽ സന്നദ്ധനായിരുന്നില്ലെന്നും ഗർഭച്ഛിദ്രത്തിന് വിധേയ ആകണമെന്ന് പരാതിക്കാരിയെ രാഹുൽ നിർബന്ധിച്ചിരുന്നെന്നും ഇരുവരും തമ്മിലുള്ള വാട്ട്‌സ് ആപ്പ് ചാറ്റുകളിൽ വ്യക്തമാണ്. എന്നാൽ, രണ്ടാം പ്രതിയും പരാതിക്കാരിയും തമ്മിലുള്ള വാട്ട്‌സാപ്പ് ചാറ്റുകൾ പരിശോധിക്കുമ്പോൾ ഗർഭച്ഛിദ്രത്തിന് പരാതിക്കാരി സന്നദ്ധയാണെന്ന് സൂചന ലഭിക്കുന്നതായും കോടതി വിലയിരുത്തി.പരാതിക്കാരിതന്നെയാണ് ഗർഭച്ഛിദ്രത്തിനായുള്ള ഗുളികകൾ ആവശ്യപ്പെട്ടതെന്നും വാട്ട്‌സാപ്പ് ചാറ്റുകൾ വ്യക്തമാക്കുന്നതായി മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ കോടതി പറയുന്നു. പരാതിക്കാരി ഉള്ള സ്ഥലം പറഞ്ഞുകൊടുക്കുകയും രണ്ടാംപ്രതിയിൽനിന്ന് മരുന്ന് സ്വീകരിക്കുകയുംചെയ്തു. പരാതിക്കാരി സ്വമേധയാ മരുന്നു കഴിച്ചുവെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നതെന്നും കോടതി നിരീക്ഷിച്ചു.



