കൊച്ചി: മുൻ മന്ത്രിയും സിറ്റിങ് എം.എൽ.എയുമായ കെ.ബാബു മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിൽ തൃപ്പൂണിത്തുറയിൽ നടൻ രമേശ് പിഷാരടി കോൺഗ്രസ് സ്ഥാനാർഥിയായായേക്കും. താരവുമായി കോൺഗ്രസ് നേതാക്കൾ ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയതായാണ് വിവരം. ബിജെപി ഇതാദ്യമായി ഭരണം പിടിച്ച തൃപ്പൂണിത്തുറ നഗരസഭ ഉൾപ്പെടുന്ന മണ്ഡലം നിലനിർത്തുക കോൺഗ്രസിനും അഭിമാനപ്രശ്നമാണ്.
വിജയസാധ്യത എന്ന ഒറ്റ മാനദണ്ഡത്തിലാണ് പല പേരുകൾക്കൊടുവിൽ രമേശ് പിഷാരടിയിലേക്ക് പാർട്ടി എത്തിയത്. കെ.ബാബു മാറുന്ന സാഹചര്യത്തിൽ ജില്ലയിൽ സാമുദായിക സമവാക്യം പാലിക്കുന്നതിനായി ജില്ലയിലെ ഏതെങ്കിലും ഒരു സീറ്റിൽ ഈഴവ സ്ഥാനാർഥിയെ കണ്ടെത്തുന്നതോടെ പിഷാരടിയുടെ സ്ഥാനാർഥിത്വ കാര്യത്തിൽ അന്തിമ തീരുമാനമാകും.



